
പാടാം ആടാം ആസ്വദിക്കാം..
തളിരിളംതൈകൾക്കു മമ്മയെപ്പോലെ, താങ്ങായ്ത്തണലായ് ,വാണൊരമ്മ.
തോരാത്ത കണ്ണീരു ബാക്കിവച്ച് ,
കാണാമറയത്തകന്നുപോയി ,
തോരാത്ത രാത്രിമഴ പ്പെയ്ത്തുപോലെ,
മൂളാൻ , മറന്നുള്ളോരീണം പോലെ,
കാടും മലകളും , കാട്ടാറിന്നീണവും ,
കാവും കുളങ്ങളും ,
കാനനഭംഗിയും ,
ഇവിടെയുപേക്ഷിച്ചകന്നുപോയി.
മഴുവേന്തി മാമരം വെട്ടാനണയുന്ന,
ഇരുകാലി ജന്തുവിൻ കൈതടുക്കാൻ ,
വലവെച്ചു കിളികളെ കൂട്ടിലാക്കും,
വനവേടൻമാരെ തടുത്തിടുവാൻ ,
ഇനിയില്ല കവയിത്രിയമ്മയില്ല ,
അഭയമൊരുക്കുവാനാരുമില്ല,
കിളിപാടും കാവുകൾക്കെന്നുമെന്നും,
ബലമുള്ള കാവലായമ്മയില്ല ,
അബലകൾക്കാശ്രയമായി മന്നിൽ ,
സുഗതകുമാരിയാം അമ്മയില്ല.
രചന : ഹരീഷ് ആർ. നമ്പൂതിരിപ്പാട്