
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
സ്വരംതാഴ്ത്തി
കുഞ്ഞിനെ വേർപെട്ട മാതാവുപോൽ
തോരാത്ത
കണ്ണീരുമായി മൂളുന്നു
കേഴുന്ന രാക്കിളിക്കൂട്ടമിന്ന്.
ഒരുപാടുപേർക്കു
തണലും
ജീവികൾക്കഭയവും കാറ്റും കുളിർമ്മയുമാം
ഒരു വടവൃക്ഷംമറിഞ്ഞുവീണു.
അതുകണ്ട് , താഴ്‌വരതേങ്ങിനിന്നു
പുഴകളോ പൊട്ടിക്കരഞ്ഞുപോയി
ഉലകമോ ഞെട്ടിത്തരിച്ചിരുന്നു.
രാത്രിമഴപോലെ ചിങ്ങിച്ചിണുങ്ങുന്നു
ആർത്തലച്ചീടുംജലധാരയും
പൊട്ടിക്കരയുംപുഴകൾതൻ തേങ്ങലിൽ
ഞെട്ടിത്തരിക്കുന്നു വിണ്ടലവും.
നേർത്തനിലവിളിയൊച്ചമുഴങ്ങുന്നു
പൂത്തമരങ്ങൾനിറഞ്ഞകാട്ടിൽ
മണ്ണും മരങ്ങളും വിണ്ണും കരയുന്നു
നെഞ്ചംതകർന്നുള്ള വേദനയിൽ.
ഹൃദയമാം കോവിലിൽ വാണരുളും
അഗതികൾക്കാശ്രയ മായൊരമ്മ,
വിഗതമോഹങ്ങളുപേക്ഷിച്ചുപോയ്
സുകൃതംനിറഞ്ഞ തപസ്വിനിയായ്.
ഇനിയൊരു ജന്മമീ പുണ്യഭൂവിൽ
മരമായ് പിറക്കുവാൻമോഹമോടെ,
പുണ്യവതിയാകുമമ്മയിന്ന്
മണ്ണുവെടിഞ്ഞങ്ങകന്നുപോയി.
മണ്ണും മരങ്ങളുമുള്ള കാലം
മന്നിൽ നിൻഖ്യാതി മറഞ്ഞിടില്ല..!!
✍✍✍
ഹരീഷ് ആർ നമ്പൂതിരിപ്പാട്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം