
കുഞ്ഞുങ്ങളെ സംസാരിപ്പിക്കാന്‍ പരിശീലിപ്പിക്കുന്നതില്‍ ചെറുതല്ലാത്ത ഒരു പങ്ക് പാട്ടുകള്‍ക്കുണ്ട്. താരാട്ടു പാട്ടുകള്‍ കേട്ടുറങ്ങാത്ത കുട്ടികളാരാണുണ്ടാവുക? വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ പാട്ടുകളുടെ അകമ്പടിയോടെയുള്ള കുട്ടിക്കളികളും അവരെ ജീവിതം തന്നെയാണ് പഠിപ്പിക്കുന്നത്. രസകരങ്ങളും ചിന്തനീയങ്ങളുമായ ഒട്ടേറെ കുട്ടിപ്പാട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്. പുതിയ പാട്ടുകളുമുണ്ട്. അവയുടെ ഒരു സമാഹരണമായി ഈ ബ്ലോഗിനെ കാണാം..പാടാം ആടാം ആസ്വദിക്കാം..
ഒരുമരം വീഴവേയമ്മ കണ്ടൂവതിൽ
ഒരുകെട്ടുവിറകെന്ന ചിന്തയായി.
അച്ഛനലമാരി തീർക്കുവാനുള്ളതാം
പുത്തനുരുപ്പടി കണ്ടതിന്മേൽ.
ചേട്ടനൊരുബാറ്റു ചെത്തിയെടുക്കുവാ-
നാഹ്ലാദമോടെയടുത്തു ചെന്നു.
മുത്തശ്ശൻ വേലിക്കു പത്തലുവെട്ടുവാൻ
കുട്ടപ്പൻചേട്ടനെ ചട്ടംകെട്ടീ.
മുത്തശ്ശിയ്ക്കാണെങ്കിൽകട്ടിലുണ്ടാക്കുവാ-
നൊത്ത പലകയറുത്തിടേണം.
ആശാരികണ്ടാമരത്തിനെവച്ചൊരു ശില്പമുണ്ടാക്കുവാനുത്തമമായ്.
നിത്യം തൊഴുതുനമിക്കുന്ന ദേവിയെ
കൊത്തിയെടുത്തു മരത്തിൽനിന്ന്.
ഭിന്നങ്ങളാകുന്ന ചിന്തകളിങ്ങനെ
വിസ്തൃതലോകത്തിലെത്രയേറെ..!!
തടിയായി, വിറകായി,
പലകയായ്ക്കാണാതെ
ഒരു വൃക്ഷമായിട്ടു കാണണം നാം..!!
രചന :
ഹരീഷ് ആർ. നമ്പൂതിരിപ്പാട്