
പാടാം ആടാം ആസ്വദിക്കാം..
കുട്ടിക്കൊമ്പൻ കേശവനെന്നും
പുഴയിൽ മുങ്ങി മടങ്ങുമ്പോൾ
തയ്യൽക്കാരൻ ചെല്ലപ്പേട്ടൻ പഴമൊരു പടല കൊടുത്തീടും
പഴമതു തിന്നിട്ടക്കൊമ്പൻ
തുമ്പിയുയർത്തി
വണങ്ങീടും
സന്തോഷത്തോടവനെന്നും
കടയുടെ മുന്നിൽ ചെന്നീടും
ഒരുനാളാനവരുന്നേരം
പഴമില്ലാതെ വലഞ്ഞപ്പോൾ
ചെല്ലപ്പണ്ണൻ കുസൃതിക്കാരൻ
തുമ്പിക്കിട്ടൊരു
കുത്തു കൊടുത്തു
കൊമ്പനുറക്കെ മോങ്ങീ പാവം
സങ്കടമോടെ തിരിച്ചു നടന്നു
പിറ്റേദിവസം പതിവായുള്ളൊരു
നീരാട്ടു കഴിഞ്ഞു
മടങ്ങുമ്പോൾ കേശവനവനുടെ
തുമ്പിയിൽ നിറയെ
വെള്ളവുമായി ചെന്നല്ലോ
തയ്യൽക്കടയുടെ മുന്നിൽ ചെന്നു.
ചീറ്റിവെള്ളമതൂക്കോടെ
കുസൃതിക്കാരൻ ചെല്ലപ്പന്റെ തയ്യൽക്കടയതു വെള്ളത്താൽ
ആകെ നനഞ്ഞു കുതിർന്നൂ കഷ്ടം !
കിട്ടീ നല്ലൊരുഗുണപാഠം
ചെയ്യരുതാത്തതു ചെയ്താലയ്യോ !
വയ്യാവേലിയതായീടും
ചതിയൻമാർക്കിതു നല്ലൊരു പാഠം
ചിതമല്ലാത്തതു ചെയ്യരുത്.
രചന : ഹരീഷ് ആർ. നമ്പൂതിരിപ്പാട്