
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
നല്ലവരാക്കുന്ന ടീച്ചറമ്മ
അക്ഷരമോരോന്നും കൈപിടിച്ച്
നന്നായയെഴുതിക്കും ടീച്ചറമ്മ !
ഇത്തിരിപ്പൂവിന്റെ പാട്ടുപാടി
നമ്മെ രസിപ്പിക്കും ടീച്ചറമ്മ
തിത്തിരിത്തത്തമ്മ മുട്ടയിട്ട
കഥകൾ പറഞ്ഞിടും ടീച്ചറമ്മ !
കൈകൂപ്പി വന്ദനം ചൊല്ലുവാനും
കൈകോർത്തു നർത്തനമാടുവാനും
നമ്മെ പഠിപ്പിക്കും ടീച്ചറമ്മ
നന്മയെഴുന്നൊരു ടീച്ചറമ്മ !
പയ്യും പുലിയും കളിച്ചിടാനും
കിളിയും മരവുമായി മാറിടാനും
നമ്മെയൊരുക്കീടും ടീച്ചറമ്മ
അമ്മയെപ്പോലുള്ള ടീച്ചറമ്മ !
വായിച്ചു വേഗം വളരുവാനും
പുസ്തകസ്നേഹം വളർത്തുവാനും
പാടുപെടുന്നൊരു ടീച്ചറമ്മ
നാടിൻ വിളക്കാണ് ടീച്ചറമ്മ !
-സിപ്പി പള്ളിപ്പുറ