
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
പണ്ടൊരു മല്ലനും മാതേവനും കൂടി
മുണ്ടക്കയത്തേക്കു യാത്രപോയി
കളിയും ചിരിയുമായി രണ്ടാളുമങ്ങനെ
കൂട്ടുകാരായി നടന്നുപോയി
കാടും മാലയും ചവിട്ടിക്കടന്നവർ
കുട്ടൻകുളങ്ങരെയെത്തിയപ്പോൾ
വായും പിളർന്നുകൊണ്ടമ്പോ വലിയൊരു
ചെമ്പൻ കരടി മുരണ്ടുവന്നു !
കരടിയേകണ്ടപ്പോൾ വങ്കനാം മാതേവൻ
മല്ലനെവിട്ടിട്ടു പാഞ്ഞുചെന്ന്
തൊട്ടടുത്തുള്ളൊരു കാട്ടുമരത്തിൽ
കൊമ്പത്തു കേറിമറഞ്ഞിരുന്നു !
ചങ്ങാതി കൈവിട്ട മല്ലൻ പൊടുന്നനെ
ചത്തതുപോലെ കിടന്നു മണ്ണിൽ
മൂക്കും വിറപ്പിച്ച് മല്ലന്റെ ചുറ്റിലും
ചീറിനടന്നല്ലോ ചെങ്കരടി !
ഇല്ലില്ല തിന്നില്ല, ചത്ത മനുഷ്യനെ
തിന്നാതെ കരടി നടന്നകന്നു.
തെല്ലു കഴിഞ്ഞപ്പോൾ പാത്തും പതുങ്ങിയും
മാതേവൻ മല്ലന്റെ ചാരത്തെത്തി !
'എന്താണു നിന്നോടു കരടി പറഞ്ഞതെ'-
ന്നാരാഞ്ഞു മാതേവൻ മലാനോട്
'ആപത്തിൽ കൈവിടും കൂട്ടുകാരാരുമേ
നല്ലവരല്ലെന്ന് ' കരടി ചൊല്ലി !
-സിപ്പി പള്ളിപ്പുറം