
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
കാട്ടുമൃഗങ്ങൾക്ക് വാശിയേറി.
കാട്ടിലെ ക്രിസ്‌മസ് കെങ്കേമമാക്കുവാൻ
പെട്ടെന്നൊരുങ്ങി മൃഗങ്ങളെല്ലാം.
കണ്ടിടമൊക്കെയും നക്ഷത്രം തൂക്കുവാൻ
കണ്ടൻ ജിറാഫു നടന്നുനീങ്ങി.
കാട്ടുകുതിരകൾ വണ്ടിയുമായീട്ട്
കേക്കു വാങ്ങുവാൻ യാത്രയായി.
ചിമ്പൻകുരങ്ങനും കൂട്ടരും കൂടിട്ട്
ക്രിസ്‌മസ്‌ട്രീയുണ്ടാക്കി പൂവനത്തിൽ
ചെമ്പൻ കരടിയും മക്കളുമൊന്നിച്ചു
പുൽക്കുടിൽകെട്ടീ പുഴയരുകിൽ
കുട്ടപ്പനാനയെ മേക്കപ്പു ചെയ്‌തൊരു
സാന്താക്ളോസപ്പൂപ്പനാക്കി മാറ്റി.
അപ്പൂപ്പനോടൊപ്പം ചാടിക്കളിക്കുവാൻ
ചുപ്പൻ കടുവയും തൊപ്പിവച്ചു.
ക്രിസ്‌മസ് കരോളിനു മുന്നിട്ടിറങ്ങുവാൻ
ചിന്നൻ കഴുതയോരുങ്ങിനിന്നു.
ബാന്റുമുഴങ്ങുന്നു കാട്ടിലെല്ലാടവും
ചാടിമറിയുന്നു കാട്ടെലികൾ
എന്തൊരു കേമമാണെന്തൊരു ചന്തമാ-
ണയ്യയ്യാ! കാട്ടിലെ ക്രിസ്മസ് മേളം!
-സിപ്പി പള്ളിപ്പുറം
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം