
കുഞ്ഞിപ്പാട്ടുകൾ പാടാം ആടാം ആസ്വദിക്കാം..
ചക്കക്കാരൻ ചാത്തുണ്ണി
പട്ടണമതിലായന്നൊരുനാൾ
കച്ചോടത്തിനായെത്തി.
മുട്ടക്കാള് പൊതിഞ്ഞപ്പോൾ
ചക്കക്കാരന് ഹാലിളകി
ചക്കക്കാള് വളഞ്ഞപ്പോൾ
മുട്ടക്കാരന് പിരിയിളകി.
"ചക്കയ്ക്കുള്ളിൽ ചുളയില്ല"
ചിക്കെന്നോതി മുനിയാണ്ടി
"മുട്ടയ്‌ക്കുള്ളിൽ കുരുവില്ല"
അട്ടഹസിച്ചു ചാത്തുണ്ണി.
വാക്കുമുഴുത്തു വഴക്കായി
ആൾക്കാർക്കെല്ലാം ഹരമായി
ചക്കയെറിഞ്ഞു ചാത്തുണ്ണി
മുട്ടയെറിഞ്ഞു മുനിയാണ്ടി
കളിയൊരു കയ്യാങ്കളിയായി
കസ്റ്റമറെല്ലാമോടിപ്പോയ്
മുട്ടമുഴുക്കെ പൊട്ടിപ്പോയ്
ചക്കയതെല്ലാം ചിതറിപ്പോയ്
ചക്കക്കാരന് ചങ്കിടറി
മുട്ടക്കാരന് മനമുരുകി
മുട്ടയുമില്ല; ചക്കയുമില്ല
കഷ്ടം! രണ്ടും തേങ്ങിപ്പോയ്
-ജനാർദ്ദനൻ പള്ളിക്കുന്ന്
ഇതുവരെ പ്രസിദ്ധീകരിച്ച പാട്ടുകൾ കാണാം